പി എം ഫൗണ്ടേഷൻ 'ഹരിത വിദ്യാലയം' അവാർഡുകൾ പ്രഖ്യാപിച്ചു

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. എം. ഫൗണ്ടേഷൻ കേരളത്തിലെ മികച്ച സ്കൂളുകൾക്ക് നൽകിവരുന്ന പ്രൊഫ. കെ. . ജലീൽ സ്മാരക അവാർഡുകളെല്ലാം വർഷം നേടിയത് സർക്കാർ-എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങളാണ്. 'ഹരിത വിദ്യാലയം' മുഖ്യ പ്രമേയമാക്കിയുള്ള മത്സരത്തിൽ ഒന്നാം സമ്മാനം മൂന്നുലക്ഷം രൂപയും ഫലകവും, മലപ്പുറം വളക്കുളം കെ. എച്ച്. എം. ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. 2 ലക്ഷം രൂപയും ഫലകവുമുള്ള രണ്ടാം സമ്മാനം തിരുവനന്തപുരം ജില്ലയിലെ കല്ലറ പാങ്ങോട് കെ.വി. യു.പി.സ്കൂൾ നേടി. ഒരു ലക്ഷം രൂപയും ഫലകവുമുള്ള മൂന്നാം സമ്മാനം കാസർകോട് ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനാണ് ലഭിച്ചത്. ഡിസംബർ 23 ഞായറാഴ്ച കൊച്ചിയിൽ ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവാർഡുകൾ വിതരണം ചെയ്യും.

 വിദ്യാലയത്തിന്റെ ഹരിതസസ്യ സമൃദ്ധി, മണ്ണും ജലവും വായുവും സംരക്ഷിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങൾ, വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും നടത്തിയിട്ടുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, കൃഷിയിലെയും അനുബന്ധ പ്രവർത്തനങ്ങളിലെയും പങ്കാളിത്തം എന്നിവ വിലയിരുത്തിയാണ് അവാർഡ് നിർണയിച്ചത്. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ അധ്യക്ഷനായുള്ള ജൂറിയിൽ സസ്യശാസ്ത്രജ്ഞനും കേരള സർവകലാശാലാ പ്രഫസറുമായ ഡോ. എം. കമറുദ്ദീൻ, ഭൗമശാസ്ത്രജ്ഞനായ ഡോ.. ഷാജി, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീമതി എം.എസ്.ജീജ എന്നിവർ അംഗങ്ങളായിരുന്നു. സ്വയം വിശകലന റിപ്പോർട്ടോടെ  അപേക്ഷിച്ച അൻപതോളം സ്കൂളുകളിൽ നിന്നും ചുരുക്കപ്പട്ടികയിൽ ഇടം നേടിയ 10 വിദ്യാലയങ്ങൾ അവാർഡ് നിർണയസമിതിക്കു മുന്നിൽ ദൃശ്യാവതരണമടക്കം നടത്തിയതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 സ്ഥാപനങ്ങളിൽ ജൂറി അംഗങ്ങൾ സന്ദർശനം നടത്തിയാണ് അവാർഡ് നിർണയിച്ചത്. വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള അവാർഡ്, സ്കൂളുകളിൽ പരിമിതപ്പെടുത്താതെ കോളേജ് തലത്തിൽ കൂടി നടപ്പിൽ വരുത്തണമെന്ന് ജൂറി നിർദ്ദേശിച്ചു.
 
പ്രശസ്ത വ്യവസായി ഡോ.പി. മുഹമ്മദാലിയുടെ (ഗൾഫാർ) നേതൃത്വത്തിൽ 1988 സ്ഥാപിതമായ പി.എം.ഫൗണ്ടേഷൻ വിദ്യാഭ്യാസ സാമൂഹിക സേവനരംഗത്ത് സ്തുത്യർഹമായി പ്രവർത്തിച്ചുവരുന്നു

Contact Us

Follow Us